Thursday, November 29, 2007

കാലവും മോഹവും

ഉഴലുന്നൂഞാനു,മുറങ്ങുവാന്‍ വയ്യാ-
തലയുകയാണീമരുപ്പറമ്പിലായ്.
തുടരുന്നൂ വ്യഥ നിറഞ്ഞ ജീവിതം
തുടലെനിക്കിന്നീ മനുഷ്യബന്ധങ്ങള്‍.
മരുത്തിന്‍ സ്പര്‍ശനസുഖം ലഭിച്ചെങ്കില്‍,
കൊടിയതാപത്തിന്നറുതി കണ്ടെങ്കില്‍!
ഒരുതുള്ളി ജലം ലഭിച്ചിരുന്നെങ്കില്‍,
വളരും ദാഹത്താല്‍ മരിക്കയാണുഞാന്‍.
കഠിനതപൂണ്ട വഴികളെന്നിലായ്
ക്കരിപുരട്ടിയും പഴി ചുമത്തിയും
മദീയചാരുതയപഹരിച്ചിന്നു
മരിച്ചുപോയിതേ മനസ്സിന്‍ യൌവനം!
വെറുപ്പുമൂര്‍ത്തത വരിക്കുന്നെന്നിലായ്
വിരൂപമാകുന്നോ മനം,തനുവൊപ്പം?
തരിക കാലമേ കുറഞ്ഞ നാളുകള്‍
തരികശക്തിയുമനുഭവിക്കുവാന്‍.
കൊതി പെരുകുന്നൂ,മനമുഴറുന്നൂ
അതുല്യഭോഗങ്ങളറിഞ്ഞുപോകുവാന്‍.
അതുവരേയ്ക്കു നീ ചലനമറ്റെന്റെ-
യകത്തളങ്ങളില്‍ വെളിച്ചമാകുക.
അതുവരേയ്ക്കുനീ മരണമേയെന്റെ
യരുമയായേറേയടുത്തുനില്ക്കുക .

Sunday, November 25, 2007

കാളിമ

ഉള്‍ത്താപമൂറ്റിനീ കണ്ണുനീര്‍ത്തുള്ളിയായ്
കാഴ്ചവെച്ചെങ്കിലും ഞാന്‍ മറന്നേന്‍,
ഉള്‍ത്താരിലോമനസൂനംവിരിയിക്കു-
മോമല്‍സ്മിതത്തെയും ഞാന്‍ മരന്നേന്‍
അന്നെന്റെ മോഹങ്ങള്‍ കോര്‍ത്ത ദിനങ്ങളില്‍
എന്‍ശക്തിയെന്തിനുംപോന്നനാളില്‍
ഉമ്മറക്കോടിയിലെന്നെപ്രതീക്ഷിക്കു-
മമ്മയെപ്പോലും മറന്നവന്‍ ഞാന്‍।
നാളുകള്‍നീളവേ,മോഹങ്ങള്‍മങ്ങവേ
ദുഃഖം വിശപ്പെന്നറിഞ്ഞനാളില്‍
സ്നേഹബന്ധങ്ങളേ നാണയമാക്കുവാന്‍
കണ്ണീരൊഴുക്കാന്‍ പഠിച്ചവന്‍ ഞാന്‍।
പോയവസന്തങ്ങള്‍ പട്ടിലൊളിപ്പിച്ച
കത്തിയും ചുണ്ടില്‍ ചിരിയുമായി
മാടപ്പിറാക്കള്‍തന്‍ചോരയൂറ്റുമ്പൊഴും
കണ്ണുനീരുപ്പായൊഴിച്ചവന്‍ഞാന്‍।
പോയശിശിരത്തില്‍ വണ്ടിതെളിക്കുവാന്‍
കൈയ്യില്‍ കടിഞ്ഞാണെടുത്തതൊട്ടെ,
ഭാരംവലിച്ചുതളര്‍ന്നിടുംകാളയേ
ചമ്മട്ടിയോങ്ങിയടിച്ചവന്‍ ഞാന്‍।
മേലെയും കീഴെയും ചോരപൊടിയവേ
പാദമിടറിപ്പിടഞ്ഞിടുമ്പോള്‍
വേദനമൂര്‍ത്തമായ് കാണുന്നമാത്രയില്‍
പൊട്ടിച്ചിരിക്കാന്‍പഠിച്ചവന്‍ഞാന്‍!
ഉള്‍ത്താപമൂറ്റിയിന്നുജ്ജ്വലജ്ജ്വാലയായ്
മാറ്റിയെന്‍നേരെയടുത്തിടുമ്പോള്‍
ഉള്‍വലിഞ്ഞോരുനിന്‍ ശബ്ദമെന്‍ വിശ്രമ-
സങ്കേതം തേടിയണഞ്ഞിടുമ്പോള്‍
നിന്നിലെ സ്നേഹാംശമേറ്റിടുംജ്വാലകള്‍
എന്‍സൌധമാകെച്ചുഴന്നിടുമ്പൊള്‍

ഓര്‍ക്കാന്‍പഠിക്കട്ടെ നിന്നെ,നിന്നുല്‍ക്കട-
സ്വാതന്ത്ര്യതൃഷ്ണയേ,ഞാന്‍ കവിതേ!

Wednesday, November 21, 2007

സ്മൃതിപുളകങ്ങള്‍‌

താളുകള്‍‌ പിറകോട്ടുമറിച്ചൂ സ്മൃതി,മോഹം-
പൂതിരികത്തിച്ചൊരാ സ്നേഹഗീതികള്‍‌ പാടാന്‍‌.
വിസ്മൃതി ദൗര്‍ഭാഗ്യമായ് ഗണിക്കാന്‍‌ മാത്രം ദിവ്യ-
സൗരഭം വിരിയിച്ച നിമിഷം പുണരുവാന്‍.
പുഞ്ചിരിയുതിര്‍ത്തിടും തൂമിഴിയിണകളാല്‍‌‌
ഇന്നിനേപ്പിറകോട്ടു നയിച്ച സൗന്ദര്യമേ,
കാല്യകാലത്തിന്‍‌ പ്രഭാപൂരത്തില്‍‌കുളിച്ചീറന്‍-
പകരാന്‍‌മടിച്ചിടും മായികവിഭ്രാന്തിയില്‍‌
ഞാന്‍‌കിടന്നുഴലവേ,നിര്‍മ്മലഗാനം പാടും
നിര്‍ഝരി പതതുള്ളി മുന്നിലൂടൊഴുകുന്നൂ.
കാവ്യസൗന്ദര്യം, പതച്ചാറിലായ് തെളിയുന്ന-
മുഖപങ്കജം,കണ്ടു പകച്ച മുഹൂര്‍‌ത്തത്തില്‍‌,
ഉടയാത്തുടല്‍‌ ക്ണ്ടു മോഹിച്ചകാട്ടാറുള്ളി-
ലുയരും അസൂയതന്നൊഴുക്കാല്‍‌ വലയിക്കേ
വിലപിച്ചീടാന്‍‌പോലും മറന്നു ഭീയാല്‍‌ ചുറ്റും-
പകച്ചുനോക്കും കൊച്ചു കണ്‍‌കള്‍‌തന്‍‌ നനവിനേ,
ഇന്നിലേയ്ക്കാവാഹിച്ചായോര്‍മ്മതന്‍‌ പുളകങ്ങള്‍‌
പുണരാന്‍‌ ഭാഗ്യംതന്ന രാഗമേ നമോവാകം.
പ്രാണരക്ഷണം മാത്രമെന്നുള്ളില്‍‌വിളങ്ങിയോ,
പ്രാകൃതവികാരങ്ങള്‍‌ കെട്ടഴിഞ്ഞുവോ,യെന്തോ?
കരയില്‍‌നയിച്ചോരാരൂപമെന്മുന്നില്‍‌ വ്രീളാ-
വശയായ് ചുരുങ്ങവേ-വേര്‍പിരിയവേ,തമ്മില്‍‌-
പകര്‍ന്ന കടാക്ഷത്തില്‍‌ ലോകമൊക്കെയും ബിന്ദു-
സദൃശം ചുരുങ്ങിയെന്നറിയുന്നീപ്പോഴല്ലോ.
പുഞ്ചിരിയുതിര്‍ത്തിടും തൂമിഴിയിണകളാ-
ലിന്നിനേപ്പിറകോട്ടുനയിച്ച സൗന്ദര്യമേ
വിശ്വമൊക്കെയും ചെപ്പിലായൊതുക്കീടാന്‍‌പോരും
വിമലപ്രേമത്തിന്റെ കോവിലിലല്ലോ നീയും!
നിന്നുടെ സ്മൃതികളില്‍‌ നാകവും വെല്ലുംസ്നേഹ-
നിര്‍ഝരി പതഞ്ഞയര്‍ന്നീടുന്നെന്‍‌ ഹൃദന്തത്തില്‍‌.
മന്നിനെ വിണ്ണാക്കുമീ മാസ്മരനിമേഷങ്ങള്‍‌
കോര്‍ത്തതാം ദിനങ്ങളെന്‍‌ ജീവിതം നിറച്ചെങ്കില്‍‌!

Friday, November 16, 2007

വിരഹദുഃഖം

പാഴ്മരുഭൂവില്‍ ദാഹനീരിനായ് യാചിക്കയോ

വറ്റിയോരുരവകളോര്‍ത്തുകേണീടുന്നതോ,

നിശ്ചയമില്ല,യെന്റെ മാനസം കവിതേ നിന്‍

‍വേര്‍പാടിലുരുകുന്നതൊന്നുഞാനറിയുന്നൂ.

നീയെന്റെ സര്‍വസ്വവുമായിരുന്നനാള്‍ ജീവത്-

ഗന്ധമായുയര്‍ന്നെന്നെയുയയര്‍ത്തീ,നാകത്തോളം!

നിന്നിലായലിഞ്ഞെത്ര രാവുക ള്‍,പകലുകള്‍

വേര്‍തിരിച്ചറിയാതെ കടന്നുപോയീമുന്നം!

അരുവിക്കരയിലെ ശീതളഛയപേറി

നര്‍മ്മസല്ലാപംപൂണ്ട നാള്‍കളു,മൌന്നത്യത്തിന്‍-

ഹിമബിന്ദുക്കള്‍ചൂടി,തീക്ഷ്ണതയറിയാതെ-

യിരുന്നോരാത് മഹത്യാമുനമ്പും,പാറക്കെട്ടും.

കോടമഞ്ഞുറയവേ,യകലാതിരിക്കുവാ-

നാശ്ലേഷബദ്ധമായ ഗിരിപാര്‍ശ്വവും,കാടും,

നീമറന്നെന്നോ,യെന്നെമറക്കാന്‍വേണ്ടി നിന്റെ

വാസഗേഹങ്ങളെല്ലാം വെടിഞ്ഞേയകന്നോ നീ?

നീയില്ലാമനസ്സിന്റെ യൂഷരത്വവുംപേറി-

യെങ്ങിനെകഴിയുവാന്‍?നീ പൊറുക്കില്ലയെന്നോ?

തമ്മിലേറ്റിരുന്നനാളോതിയതെല്ലം വ്യര്‍ഥ-

മെന്നതോ സത്യം,പാടേയകന്നേ കഴിഞ്ഞെന്നോ?

നോവുകളെകീയെന്നല്‍ സ്നേഹത്തിന്നുദാത്തത,

നീയെന്നെമറന്നതും,തുല്യതപേറീടുമ്പോള്‍

നിന്‍പ്രസാദത്തിന്നായി കുമ്പിളുംനീട്ടിയിന്നീ-

കമിതാവിരിക്കുന്നൂ,നീ കനിയില്ലേ വീണ്ടും?

ഇല്ലെങ്കിലീയത്നത്തിലവശേഷിക്കുംപ്രാണന്‍

‍പോയിടുംവരേതപംതുടരും,അന്ത്യത്തില്‍നിന്‍

ദര്‍ശനംലഭിക്കുവാന്‍ഭാഗ്യമുണ്ടായീയെങ്കില്‍

ധന്യനായീടും,മതി,മറ്റെന്തുകൊതിക്കുവാന്‍?.

Monday, November 12, 2007

ഇനിയെന്തിനരിവാള്‍?

ഇനിയെന്തിനരിവാള്‍?വയലില്ല കൊയ്യുവാന്‍
കമ്പനികള്‍ കെട്ടുവാന്‍ വിറ്റുപോയ് മക്കളേ.
വയലുകള്‍ പോരാഞ്ഞ് നമ്മുടെ കൂരകള്‍
നില്ക്കുന്നിടവും കൊടുത്തു ഭരിക്കുവോര്‍.
പത്തുസെന്റും വീടു മന്നുനേടിത്തന്ന
പാര്‍ട്ടിയാണിന്നതുവിറ്റതും മക്കളേ.
പാവങ്ങള്‍തന്‍ പാര്‍ട്ടി നേതാക്കളിന്നിതാ
വിടുപണി ചെയ്യുന്നു ബൂര്‍ഷ്വ വര്‍ഗത്തിനായ്.
ഇനിയെവിടെയന്തിയുറങ്ങു,മൊരുതാങ്ങിനാ-
യാരുണ്ട്?നാം സ്വയം പട നയിച്ചീടണം.
ഇനിയെന്തിനരിവാള്‍ തുരുമ്പുപിടിക്കണം?
കൊയ്യുവാന്‍ ശത്രുക്കളേറെയുണ്ടോര്‍ക്കുക.
ഇനിയെന്തമാന്ത?മീഭരണവര്‍ഗത്തിനെ
തൂത്തെറിഞ്ഞൊരുപുതിയ ലോകം പണിയണം.
ഇനിയുമൊരു'നന്ദിഗ്രാ'മാവര്‍ത്തിച്ചീടുവാ-
നവസരമൊരുക്കരുത്,നിങ്ങളുണരുക.
ഏന്തുക വാരിയും,കുന്ത,മരിവാളുകള്‍
‍കൊയ്യണമാദ്യമധികാരമോര്‍ക്കുക

Sunday, November 11, 2007

രക്തതിലകം(ഒരു കവിത)

കാഹളമൂതുകയായീകാലം
യുഗപരിണാമത്തിന്‍
‍കാതുകള്‍ കൊട്ടിയടയ്ക്കുകയല്ലോ
മനുഷ്യര്‍നാമിന്നും.
ചേതനയിന്നുംമണ്‍പാത്രത്തിലിരിക്കും
ദീപംപോല്‍
എരിഞ്ഞുതീരുകയല്ലൊ വെറുതേ,
പ്രാകൃതര്‍ നാമിന്നും.
കഷ്ടം! പൊന്നിന്‍കൂമ്പാരത്തി
ലിരിക്കാനാശിക്കും
മാനസമിന്നും സഹജസ്നേഹം
തന്നുടെ കുഴിമാടം.
മനുഷ്യരക്തം കട്ടപിടിച്ചൊരു
കരത്തിലാണല്ലോ
സാമ്രാജ്യത്തിന്‍ചെങ്കോലിന്നും
മര്‍ത്ത്യാ ലജ്ജിക്കൂ.
കാഹളമൂതുകയായീ കാലം
യുഗപരിണാമത്തിന്‍
‍കാതുതുറക്കുക,ഉണരുക,നീങ്ങുക
കൊറ്റിയുദിച്ചല്ലോ!
പുലരിതുടുത്തീടട്ടെ,നമ്മുടെ
രക്തമതാകട്ടെ-
തിലകം,പുളകം കൊണ്ടീടട്ടെ
പുത്തന്‍ തലമുറകള്‍.

Thursday, November 8, 2007

അഭയം

പാതാളങ്ങളിലഭയം തേടും
പതിതര്‍ക്കൊപ്പം നീങ്ങുമ്പോള്
‍പിന്നിലടക്കും വാതില്‍ മുഴക്കും
ശബ്ദം കാതിലടയ്ക്കുന്നൂ.
വെള്ളിടിവെട്ടിത്തെളിയുന്നിടയിടെ
മുന്നില്‍ ദുര്‍ഘടമതിലൂടെ
ചുറ്റും പൊങ്ങിടുമലമുറ മുന്നോ-
ട്ടേക്കായ് നീക്കുന്നായത്തില്‍.
ക്രൂരംജീവിതഭാരമൊഴിക്കാന്‍
പലവഴി തേടും ജനമൊപ്പം
നീങ്ങുമെനിക്കായ് തുറന്നുകിട്ടിയ
മാര്‍ഗം,മാസ്മരമാം മരണം.
ആരുംകാണാതൊന്നുംനിനയാ
ദീര്‍ഘസുഷുപ്തിയിലമരാനായ്
ആവുംവേഗം നീക്കട്ടേയീ
യാനംപുഴതന്‍ മധ്യത്തില്‍.
പാര്‍ശ്വത്തില്‍പ്പദമൂന്നിത്തലകീ-
ഴായിമറിക്കാനതിലമരാന്‍
എന്തൊരു രസമാണോര്‍ക്കുമ്പോഴും
പങ്കായം ഞാനേന്തട്ടേ!
കരയില്‍ കാണികളില്ലാനേരം
നീങ്ങുന്നൂ ഞാനെന്നാലും
വിടചോദിപ്പൂ പ്രചണ്ഡമാരുത-
നുയരുകയായീയരികത്തായ്.
സന്ധ്യാഹാരവുമായെതിരേല്പൂ
മരണം മന്ദസ്മിതമോടെ.
അകലട്ടേ,തുഴയുയരുകയായീ
സഖീയണ്യ്ക്കൂ നിന്‍ മാറില്‍।
damuvayakkara