Thursday, April 7, 2011

ആത്മാലാപം

ഉണരുന്ന നോവിന്റെ മുള്ളുകൾ കീറിടും

ഹൃദയവാടത്തിലായ് ചീറ്റിടും ചോരയിൽ

ഞാൻ കുതിർന്നില്ലാതെയാകുംവരേ ലാസ്യ-

ഭാവം വിടാതെ നീ കൂടെയുണ്ടായിടാം.

തളരുന്ന തനുവിന്റെ ഭാരം ചുമക്കുന്ന

കരളിന്റെ നീറ്റുമഗാധഗർത്തങ്ങളിൽ

കണ്ണുനീരില്ലാത്ത കണ്ണിന്റെ ദൈന്യത

കൂച്ചുവിലങ്ങിടൂം ഭാവതലങ്ങളിൽ

പുഞ്ചിരി,യട്ടഹാസങ്ങളും തുല്യത-

പേറിടും ഹൃത്തിൻ രണാങ്കണം തന്നിലായ്

ഞാൻ മുറിവേറ്റുകിടക്കവേ കാഴ്ചയ്ക്ക്

വന്നുനിൽക്കുന്നുനീ ലാസ്യഭാവത്തൊടെ.

ദേഹവും ദേഹിയും രണ്ടായ് പിരിക്കുന്ന

വേദന നിന്റെ വിലാസങ്ങളാകവേ,

ആയതിൽ നർത്തനം ചെയ്തിടും നൂപുര-

ധ്വനികളെൻ രോദനം മായ്ചുകളയവേ

പരിഭവിക്കാൻ പോലുമവകാശമില്ലാതെ

ശൂന്യതയിങ്കൽ മറയുകയാണു ഞാൻ.