Monday, October 29, 2007

ലൂക്കേമിയ (കവിത)

നഷ്ടബോധത്തിന്‍ ചിന്ത പിന്‍തുടരുന്നൂ,
ഞാനെരിയുന്നൂ.
കാലത്തിന്നൊപ്പമെത്ര കുതിച്ചാല്‍ പോലും-
തീര്‍ത്താല്‍തീരാത്തതാമെന്‍ ദുഃഖമുലതീര്‍ക്കുന്നൂ,
ഞാനെരിയുന്നൂ.
ഏതൊരു ശാപം?ചെയ്ത തെറ്റെന്ത്?
അറിയില്ലയെങ്കിലും
ഏതോ ക്രൂരകൃത്യത്തിന്‍ വിലപോലെ
നാടെരിയുന്നൂ.
ദാഹനീരിനായ് തന്റെ മകനേ കാത്തീടുന്ന മുനിയോ,
കണവന്റെകൊലയില്‍ക്രൌര്യം പൂണ്ട കണ്ണകിയോ,
അതോ കേവലം ദുര്‍വ്വാസാവോ?
ആരുറ്റെ ശാപം?
തെറ്റുചെയ്തതുഞാനോ,എന്റെ മക്കളോ,
പിതാക്കളോ?
ഒരുകന്നിനു പാലു നല്‍കുവാന്‍ മറന്നൊരെന്‍ പൂര്‍വ്വികന്‍,
ആയിരമേകാദശി നോറ്റവന്‍,
തൃപ്തിപോരാഞ്ഞായിരം തീര്‍ഥങ്ങളുമാടിയോന്‍.
പേരെഴും പാരമ്പര്യകുലജാതന്‍ ഞാ-
നിന്നീ പ്പേറിടും കദനത്തിന്‍ കാരണമറിവീല.
എങ്കിലും,
ഞാനെരിയുന്നൂ,
എന്റെ വീടെരിയുന്നൂ,
കൂടെ നാടെരിയുന്നൂ.
നാടെരിയുന്നൂ,
കൂടെരിയുന്നൂ,
കൂടെ നാമെരിയുന്നൂ.

Sunday, October 28, 2007

കാലമേ നന്ദി

കാലപ്രവാഹമേ ഞാന്‍ നമിച്ചീടുന്നു
മാലകറ്റീടുന്ന ദേവിയാണല്ലൊ നീ.
കേട്ടതു വിശ്വസിച്ചീടാന്‍ മടിച്ച ഞാന്‍
നേരിട്ടറിവുനിന്‍ പ്രാഭവം ദുര്‍ജ്ജയേ!
കാല്യ സ്മൃതികളില്‍ ദുഃഖമുള്‍പ്പൂണ്ട ഞാന്‍
മാലാര്‍ന്നിരുന്ന നാളോര്‍ക്കയാണിപ്പൊഴും.
കാവ്യപ്രസാദം കൊതിച്ചെത്രയെത്രയോ
രാവുകള്‍ നിദ്രാവിഹീനം കഴിച്ചതും
രാവിന്റെ ദൈര്‍ഘ്യങ്ങള്‍ നല്കിയ നോവുകള്‍
രാവിലത്തോളമെന്നോര്‍ത്തു സഹിച്ചതും.
മോഹങ്ങളില്‍പൂത്ത പുഞ്ചിരിക്കൊഞ്ചാലും
മോഹിനീ നിന്നുടെ സ്നേഹാമൃതത്തെയും
മായികലോകത്തിലൊന്നായിമേവുന്ന
നാളിന്റെ ചിന്തകള്‍ സംതൃപ്തി തന്നതും,
"പ്രേമമേവാടിടും പൂക്കള്‍ കൊതിപ്പീല
മുള്ളുകള്‍കൊണ്ടുഞാന്‍ സംതൃപ്തികൊള്ളു"മെ-
ന്നോതിയകായിതം കാറ്റുകൊണ്ടന്നതും
അല്പനേരത്തെന്റെ ശ്രദ്ധ തിരിഞ്ഞതും,
ഏതോ കരിമ്പടം വാരിപ്പുതച്ചെന്റെ
മുന്നിലൂടരോ കടന്നതും,മിണ്ടുവാന്‍-
ശക്തനല്ലാതെഞാന്‍നിന്നതും,സര്‍വവും
വ്യര്‍ഥമായെന്‍ചുറ്റുമാടിക്കളിച്ചതും,
സര്‍വം ത്യജിക്കുവാന്‍മോഹമുണ്ടെങ്കിലും
ഒന്നുംവെടിയാന്‍കഴിയാതെ പോയതും,
നേരമറിയാതെ സഞ്ചരിച്ചെത്രയോ
പാത പിന്നിട്ടതും,പാദങ്ങള്‍ വിണ്ടതും,
നീറുന്ന പാദങ്ങള്‍ പേറി നടക്കവെ
എന്‍മനം കണ്ടതും,കേട്ടതും, കൊണ്ടതും
എത്രയെന്നോതാന്‍ പണിയേറെയെങ്കിലു-
മെത്രയോനാള്‍ക്കകം ഞാനിന്നറിയുന്നു
പോയില്ലവളെന്നു നണ്ണുവാന്‍ മാത്രമാ-
ണാശിച്ചതെന്‍ മനംകഷ്ടം വിചിത്രമേ!
മദ്ധ്യാഹ്നമായര്‍ക്കഛായയില്‍ വിശ്രമി-
ച്ചൊട്ടുമയങ്ങവെ സ്വപ്നമുണരുന്നു,
കാണാതിരിക്കണമെന്നുനിനക്കിലു-
മിത്രയും കാലമവഗണിച്ചെങ്കിലും
ഉള്ളിന്റെയുള്ളിലുണരുന്ന തന്ത്രികള്‍
മീട്ടാന്‍ ശ്രമിക്കവേയോര്‍പ്പുഞാന്‍ കാലമേ,
നിന്‍പ്രവാഹത്തിന്‍മഹിമാവ്,നിന്‍ശക്തി,
സ്നേഹവും,നിന്നുടെ യാത്രതന്‍വേഗവും!
സര്‍വവുമെന്‍കഴിവെന്നുനിനക്കുവാന്‍
മുന്നമേപ്പോലൊരു വിഡ്ഡിയല്ലല്ലൊ ഞാന്‍.

Thursday, October 25, 2007

ഉണരുന്നുലയുന്നു നീ,വെണ്‍നുര-
ചിതറുന്നണയുന്നു നീ.
പതറുന്നനാദങ്ങളകലുന്നു,തെളിയുന്നു
ഗന്ധര്‍വ സ്വരധാരയുള്ളില്‍.
നീയെന്ന നര്‍ത്തനം മൂര്‍ത്തത കൊള്ളുന്നു
സ്പന്ദമായ് മാറുന്നു നീ,
ഹൃദയം-

ദുന്ദുഭിയാക്കുന്നു നീ!
വെണ്‍നുരച്ചാര്‍ത്താല്‍ക്കൊലുസിട്ട നീലമാം
പട്ടാംബരങ്ങളണിഞ്ഞും
ചന്ദ്രിക ചാലിച്ച പുഞ്ചിരി തൂകി നീ-
യീവിഷുസ്സംക്രമമായി,
എന്നിലുണരേണ്ട രാഗവിസ്താരങ്ങള്‍
നിന്‍വിരല്‍ത്തുമ്പത്തൊതുക്കി
അണയുന്നലിയുന്നു നീ,യെന്നില്‍
നിറയുന്നുലയുന്നു നീ!
ഞാനാരന്തനോ,മംഥരശൃംഗമോ,
ദേവനോ,ദേവാരി താനോ
അറിവീലയെങ്കിലും നീ വന്നണയുന്നൊ-
രമൃത്ഗന്ധം നിറയുന്നൂ.
നീ വന്നതറിയുന്നു,തമ്മില്‍ലയിച്ചിടും-
മാത്രയില്‍ ഞാനൊതുങ്ങുന്നൂ,നീ-
മനഃശാന്തിയായ് മാറിടുന്നെന്നില്‍.
------------------------------------------------------
ഒരു പേര്‍ നിര്‍ദേശിക്കാമോ?

-

Wednesday, October 24, 2007

സന്ധ്യേ വീണ്ടും നിന്നോടായ്

നിന്‍മഞ്‌ജുശോഭയില്‍,നിന്മുഗ്ദഭാവത്തി-
ലാഴമറിയാത്ത കണ്കളില്‍,രാഗേന്ദു
പൂരം തുടിക്കവേ,നിന്നേക്കുറിച്ചുള്ള
മോഹമെന്നുള്ളിലുണരുന്നു ചാരുതേ!
നീയാരുമോഹിനീ,യെന്‍ഹൃദന്തത്തിലേ
ദേവിയോ,മൂര്‍ത്തത വിഭ്രമിപ്പിക്കയോ?
സര്‍വ്വം മനോഹരമാകവേ നിന്നിലെ
രാഗപ്രഭതൂവി,സന്ധ്യേ മയങ്ങി ഞാന്‍.
നിന്‍ ചിന്ത വര്‍ണ്ണപക്ഷങ്ങളായ് മാറ്റിഞാന്‍
ചിത്രപതംഗമായ് നിന്നടുത്തെത്തവേ
മുഗ്ദതേ,നിന്നിലരുണിമയിലെന്റെ
ചുണ്ടണ്ഞ്ഞീടവേ,നിന്‍പുളകങ്ങളെന്‍‍
സ്വന്തമായീടവേ,നാകവും വെല്ലുന്ന-
ലോകമെനിക്കയ് തുറന്നുതന്നീടവേ,
നിന്നിലലിയുവാന്‍,നിന്നിലെനിന്നെയെന്‍
സ്വന്തമാക്കീടുന്നനാളിലെത്തീടുവാന്‍
സന്ധ്യേ കൊതിക്കുന്നുവെങ്കിലും-
നിന്‍കടക്കോണില്‍ തുടിപ്പത് രാഗമോ,ദ്വേഷമോ?

Tuesday, October 23, 2007

സന്ധ്യയോട്

ഓര്‍മ്മകളയവെട്ടും സാന്ധ്യകാലമേ മുന്നം
കാമന കതിരിടും കാല്യമായിരുന്നില്ലേ?
കരളില്‍ കുളിരിന്റെയിക്കിളി,കടക്കണ്ണില്‍
നിദ്രതന്നലസ്യവും,തുടുപ്പാകവിളിലും.
വാടാത്തപ്രതീക്ഷയാല്‍ വിടര്‍ന്ന ചെഞ്ചുണ്ടിലേ
പാടലം,മധുവിന്റെ ലേപനം നുകരവേ,
നീ നിമീലിതനേത്രാലെനിക്കായ് പകറ്ന്നൊരാ
രാഗമാധുരിയിന്നും മധുരിക്കുന്നെന്‍ ഹൃത്തില്‍.
നാളുകള്‍ മദ്ധ്യാഹ്നമായ് മാറ്റി പിന്നെയും കാലം
നീളവേ,സന്ധ്യാരാഗം നിന്നിലായലിഞ്ഞല്ലോ.
മ്മാമല സ്നേഹാലസ്യം പുല്കി നീന്നിടും സന്ധ്യേ
നിന്‍മിഴികൂമ്പീടിലും തൂവൊളി ചിന്തീടവേ
അര്‍ഥിപ്പു വീണ്ടും നിന്റെ പരിരംഭണത്തിനായ്
പ്രാര്‍ഥിപ്പു നിന്നെ നിത്യം എന്റെതാക്കീടാന്‍ മാറ്റ്രം

Monday, October 22, 2007

ദശാസന്ധി

സുഖമേ നിന്നേത്തേടിത്തിരവോര്‍ക്കെല്ലാം പാരി-
ലഭയം നല്കാനിന്നും ദുഖങ്ങള്‍ മാത്രമെന്നോ?
കാലമേ നിന്‍ തേര്‍ചക്ര ചലനം തുടരുന്നോ
സംഹാരതാണ്ഡവത്തിന്‍ വേദിയിലൂടെതന്നേ?
എത്രയോ തലമുറ പീന്നിട്ടസമൂഹങ്ങള്‍
കണ്ടല്ലോ ക്രൌര്യത്തിന്റെ ജന്മവും വളര്‍ച്ചയും.
ആശ്രിതവാല്‍ല്യത്തിന്‍ ഓര്‍മ്മകള്‍പേറും മര്‍ത്ത്യ-
മാനസമസൂയതന്‍ അക്ഷയപാത്രമിന്നും.
പാവങ്ങള്‍,വിശപ്പിന്റെ കോലങ്ങള്‍ കൈക്കുംബിളും
നീട്ടിയീഭാരതത്തിലക്ഷമ പൂണ്ടേ നില്ക്കേ,
വെറുപ്പിന്‍ തവിതന്നാല്‍ വിളംബാന്‍ സ്വാര്‍ഥത്തിനെ
മാത്രമേ കണ്ടുള്ളോ നീ ദ്രൌപതീയെന്നോര്‍ക്കവേ,
സംശയഗ്റസ്തമെന്റെ കണ്ണുകള്‍ തുറന്നേപോയ്
കണ്ടു ഞാന്‍ നീയും നിന്റെ സര്‍വവും സ്വാര്‍ഥം മാത്രം!
പോകുക ദൂരേ നിന്റെ വിഭവങ്ങളുമായ് നീ,
ദാഹനീരേകാനൊരു മാതംഗി മാത്രം പോരും.
ദാഹിച്ചുവലയുമീ മര്‍ത്ത്യസോദരരൊന്നാ-
യാരവംമുഴക്കുന്നു തടുക്കാന്‍ കഴിയുമോ?
വിശ്വസാഹോദര്യത്തിന്‍ കാഹളം മുഴങ്ങവേ
കേള്‍പ്പിതാ മണിനാദം നിന്‍ മരണത്തിന്‍ ഗന്ധം.
കാലമായ്,നിന്‍ കാലന്റെ വരവായ്,പ്രേമ ഗീത-
മുരുവിട്ടീടും വ്ശ്വപൌരന്മാരുണര്‍ന്നല്ലോ.



-

Sunday, October 21, 2007

വികൃതി

പൂമരമാകാന്‍ ,മധുരം കിനിയും കനികള്‍ ചുമക്കാന്‍,
ഭൃംഗപതംഗസ്മൂഹമുണര്‍ത്തും നിര്‍വൃതിപൂകാന്‍ ,നാകംപുല്‍കാന്‍
ആശിപ്പൂഞാനിന്നും.
വണ്ടിന്‍ചുണ്ടില്‍ പൂമ്പൊടിയായി സവാരിനടത്തിയ കാലംതൊട്ടെന്‍മോഹം,
മാമരമാകാന്‍,ആയിരപുഷ്പദലങ്ങളുമൊന്നിച്ചൂട്ടും
സുഖതലമേറാന്‍.
കള്ളിച്ചെടിയുടെവിത്തായ് മാറിയ ചേതന
മഞ്ഞിന്‍ കണിക പതിക്കേ,മുളയായ് മാറി.
ജീവല്‍സ്പന്ദനതാളം ഭൂമിക്കുന്മദമേകേ മാറു ചുരന്നൂ.
കാലം തംബുരു മീട്ടിപ്പാടീ,
വസന്തരാഗക്കുളിരില്‍ രാഗമുണര്‍ന്നൂ-
ഭൂമിയിലെങ്ങും.
വണ്ടുകള്‍മൂളും നാദം വായുവിലൂടെന്‍സിരകള്‍ക്കുന്മദമേകേ,
പൂക്കാന്‍,വണ്ടിനെ മാടിവിളിക്കാന്‍,
നിര്‍വൃതി കൊള്ളാന്‍ ദാഹിച്ചേപോയ്.
മണലാരണ്യം പുല്കിയൊരൂഷരവായുവിലൂടെന്‍ നിശ്വാസങ്ങള്‍
നീങ്ങീ,വ്യര്‍ഥം.
വരണ്ട മേഘാവലികളകന്നൂ,പകരം മണലിന്‍മേഘമുണര്‍ന്നൂ,
മണലിന്‍തരികള്‍ കുമിഞ്ഞെന്‍ചുറ്റും,
മണ്ണിന്നടിയിലുറങ്ങുംബൊഴും-
സ്വപ്നം കണ്ടതുപൂമര,മായിരമോമല്‍സൂനങ്ങള്‍തന്‍
സുരസുഖമേകും നിര്‍വൃതി-
സത്യം,പ്രകൃതിരഹസ്യം.

തപസ്യ

സ്വപ്നങ്ങളൊക്കെയും വേദനതന്‍
മാറാപ്പായ് മാറുകയാണിവിടെ.
ശൌര്യ മാണെന്നു വ്റു്‌ഥാ നിനച്ച
ചെയ്തികളൊക്കെയും ബാലിശവും.
ആവര്‍ത്തനത്താലതെന്നെയിന്നൊ-
രാഭ)സനായ്മാറ്റി മാറി വെണ്മ.
(എല്ലമറിയാന്‍ കൊതി മുഴുത്ത
മാനസം നേടിയ ശിക്ഷയാവാം)
സ്വാതന്ത്ര്യസംഗീതമാലപിക്കും
പുല്ലാങ്കുഴലായിമാറിടുവാന്‍
ചുറ്റും നറുമണംവീശുമോമല്‍
സൂനമായ് മാറുവാന്‍,പുംചിരിക്കാന്‍,
സൂര്യതാപത്തില്‍ കുടപിടിക്കാന്‍
മാമരമാകാന്‍,ഫലം ചുമക്കാന്‍,
നോവിനു ദര്‍ശനമാത്രയിങ്കല്‍
സാന്ത്വനമാകാന്‍,കുളിര്‍മയേകാന്‍
മാറണമേറേ,യചുംബിതമാം
മാമല കേറണമേറെയേറെ.
പാടണം പാട്ടുകള്‍,ക്‌റൂരമാകും
മാനസം പട്ടായിമാറുവോളം.
കാണണം മര്‍ത്ത്യരാം സോദരരേ
കണ്ണിന്റെ പാപമൊഴിയുവോളം.
കാല്‍നടയായേറെയാത്റ ചെയ്ത്‌
മണ്ണിന്റെ സ്പന്ദനമേറ്റുവാങ്ങി,
മഞ്ഞുംമഴയും വെയിലുമേറ്റു
തന്നിലലിഞ്ഞ പ്രക്റ്തിയുമായ്
വാസ്തവമെന്തെന്നറിയുവോളം,
വാസ്തവം തൊട്ടൊന്നറിയുവോളം,
പൂര്‍ണത തേടിയലഞ്ഞലഞ്ഞ്
പൂര്‍ണത തൊട്ടൊന്നറിയുവോളം,
സ്നേഹസംഗീതംശ്രവിക്കുവോളം
സ്നേഹവും തൊട്ടൊന്നറിയുവോളം
യാത്രചെയ്തീടുവാന്‍,യാത്ര മാത്രം
ഭാഗ്യമായെങ്കിലും ഞാന്‍ ക്‌റ്താര്‍ഥന്‍.

ദാമു വയക്കര