Sunday, October 28, 2007

കാലമേ നന്ദി

കാലപ്രവാഹമേ ഞാന്‍ നമിച്ചീടുന്നു
മാലകറ്റീടുന്ന ദേവിയാണല്ലൊ നീ.
കേട്ടതു വിശ്വസിച്ചീടാന്‍ മടിച്ച ഞാന്‍
നേരിട്ടറിവുനിന്‍ പ്രാഭവം ദുര്‍ജ്ജയേ!
കാല്യ സ്മൃതികളില്‍ ദുഃഖമുള്‍പ്പൂണ്ട ഞാന്‍
മാലാര്‍ന്നിരുന്ന നാളോര്‍ക്കയാണിപ്പൊഴും.
കാവ്യപ്രസാദം കൊതിച്ചെത്രയെത്രയോ
രാവുകള്‍ നിദ്രാവിഹീനം കഴിച്ചതും
രാവിന്റെ ദൈര്‍ഘ്യങ്ങള്‍ നല്കിയ നോവുകള്‍
രാവിലത്തോളമെന്നോര്‍ത്തു സഹിച്ചതും.
മോഹങ്ങളില്‍പൂത്ത പുഞ്ചിരിക്കൊഞ്ചാലും
മോഹിനീ നിന്നുടെ സ്നേഹാമൃതത്തെയും
മായികലോകത്തിലൊന്നായിമേവുന്ന
നാളിന്റെ ചിന്തകള്‍ സംതൃപ്തി തന്നതും,
"പ്രേമമേവാടിടും പൂക്കള്‍ കൊതിപ്പീല
മുള്ളുകള്‍കൊണ്ടുഞാന്‍ സംതൃപ്തികൊള്ളു"മെ-
ന്നോതിയകായിതം കാറ്റുകൊണ്ടന്നതും
അല്പനേരത്തെന്റെ ശ്രദ്ധ തിരിഞ്ഞതും,
ഏതോ കരിമ്പടം വാരിപ്പുതച്ചെന്റെ
മുന്നിലൂടരോ കടന്നതും,മിണ്ടുവാന്‍-
ശക്തനല്ലാതെഞാന്‍നിന്നതും,സര്‍വവും
വ്യര്‍ഥമായെന്‍ചുറ്റുമാടിക്കളിച്ചതും,
സര്‍വം ത്യജിക്കുവാന്‍മോഹമുണ്ടെങ്കിലും
ഒന്നുംവെടിയാന്‍കഴിയാതെ പോയതും,
നേരമറിയാതെ സഞ്ചരിച്ചെത്രയോ
പാത പിന്നിട്ടതും,പാദങ്ങള്‍ വിണ്ടതും,
നീറുന്ന പാദങ്ങള്‍ പേറി നടക്കവെ
എന്‍മനം കണ്ടതും,കേട്ടതും, കൊണ്ടതും
എത്രയെന്നോതാന്‍ പണിയേറെയെങ്കിലു-
മെത്രയോനാള്‍ക്കകം ഞാനിന്നറിയുന്നു
പോയില്ലവളെന്നു നണ്ണുവാന്‍ മാത്രമാ-
ണാശിച്ചതെന്‍ മനംകഷ്ടം വിചിത്രമേ!
മദ്ധ്യാഹ്നമായര്‍ക്കഛായയില്‍ വിശ്രമി-
ച്ചൊട്ടുമയങ്ങവെ സ്വപ്നമുണരുന്നു,
കാണാതിരിക്കണമെന്നുനിനക്കിലു-
മിത്രയും കാലമവഗണിച്ചെങ്കിലും
ഉള്ളിന്റെയുള്ളിലുണരുന്ന തന്ത്രികള്‍
മീട്ടാന്‍ ശ്രമിക്കവേയോര്‍പ്പുഞാന്‍ കാലമേ,
നിന്‍പ്രവാഹത്തിന്‍മഹിമാവ്,നിന്‍ശക്തി,
സ്നേഹവും,നിന്നുടെ യാത്രതന്‍വേഗവും!
സര്‍വവുമെന്‍കഴിവെന്നുനിനക്കുവാന്‍
മുന്നമേപ്പോലൊരു വിഡ്ഡിയല്ലല്ലൊ ഞാന്‍.

3 comments:

പരമാര്‍ഥങ്ങള്‍ said...

വീണ്ടും ഒരു കവിത-അഭിപ്രായങ്ങള്‍ ക്കായി------

മന്‍സുര്‍ said...

ഈ വാക്കുകള്‍ക്ക്‌ ഭംഗിയേറുന്നു....

സര്‍വം ത്യജിക്കുവാന്‍മോഹമുണ്ടെങ്കിലും
ഒന്നുംവെടിയാന്‍കഴിയാതെ പോയതും,
നേരമറിയാതെ സഞ്ചരിച്ചെത്രയോ
പാത പിന്നിട്ടതും,പാദങ്ങള്‍ വിണ്ടതും,
നീറുന്ന പാദങ്ങള്‍ പേറി നടക്കവെ
എന്‍മനം കണ്ടതും,കേട്ടതും, കൊണ്ടതും
എത്രയെന്നോതാന്‍ പണിയേറെയെങ്കിലു-

ഒന്നു കൂടി മുറുക്കി പിടിച്ചിരുന്നെങ്കില്‍
അതിമനോഹരമാക്കാമായിരുന്നു സ്നേഹിതാ
അഭിനന്ദനങ്ങള്‍

നന്‍മകള്‍നേരുന്നു

പ്രയാസി said...

ഫ്ലൂറസന്റു കളറു മാറ്റിയില്ലെങ്കില്‍ സത്യമായിട്ടും കേസ്സുകൊടുക്കും..