Monday, October 22, 2007

ദശാസന്ധി

സുഖമേ നിന്നേത്തേടിത്തിരവോര്‍ക്കെല്ലാം പാരി-
ലഭയം നല്കാനിന്നും ദുഖങ്ങള്‍ മാത്രമെന്നോ?
കാലമേ നിന്‍ തേര്‍ചക്ര ചലനം തുടരുന്നോ
സംഹാരതാണ്ഡവത്തിന്‍ വേദിയിലൂടെതന്നേ?
എത്രയോ തലമുറ പീന്നിട്ടസമൂഹങ്ങള്‍
കണ്ടല്ലോ ക്രൌര്യത്തിന്റെ ജന്മവും വളര്‍ച്ചയും.
ആശ്രിതവാല്‍ല്യത്തിന്‍ ഓര്‍മ്മകള്‍പേറും മര്‍ത്ത്യ-
മാനസമസൂയതന്‍ അക്ഷയപാത്രമിന്നും.
പാവങ്ങള്‍,വിശപ്പിന്റെ കോലങ്ങള്‍ കൈക്കുംബിളും
നീട്ടിയീഭാരതത്തിലക്ഷമ പൂണ്ടേ നില്ക്കേ,
വെറുപ്പിന്‍ തവിതന്നാല്‍ വിളംബാന്‍ സ്വാര്‍ഥത്തിനെ
മാത്രമേ കണ്ടുള്ളോ നീ ദ്രൌപതീയെന്നോര്‍ക്കവേ,
സംശയഗ്റസ്തമെന്റെ കണ്ണുകള്‍ തുറന്നേപോയ്
കണ്ടു ഞാന്‍ നീയും നിന്റെ സര്‍വവും സ്വാര്‍ഥം മാത്രം!
പോകുക ദൂരേ നിന്റെ വിഭവങ്ങളുമായ് നീ,
ദാഹനീരേകാനൊരു മാതംഗി മാത്രം പോരും.
ദാഹിച്ചുവലയുമീ മര്‍ത്ത്യസോദരരൊന്നാ-
യാരവംമുഴക്കുന്നു തടുക്കാന്‍ കഴിയുമോ?
വിശ്വസാഹോദര്യത്തിന്‍ കാഹളം മുഴങ്ങവേ
കേള്‍പ്പിതാ മണിനാദം നിന്‍ മരണത്തിന്‍ ഗന്ധം.
കാലമായ്,നിന്‍ കാലന്റെ വരവായ്,പ്രേമ ഗീത-
മുരുവിട്ടീടും വ്ശ്വപൌരന്മാരുണര്‍ന്നല്ലോ.



-

1 comment:

ജന്മസുകൃതം said...

ee peril ente oru nadakam publish cheythittund.2003-il
kavithayude peru kandappol ath orthupoyathaanu.
nalla kavitha ketto.