Sunday, December 2, 2007

ജ്വാല

ജ്വാല
കാളിമ പരത്തിനീയിന്നലേകളില്‍,രാജ്യ-
പാലനംചെയ്തീടുവാന്‍ ചൂഷകവര്‍ഗത്തിന്റെ-
കടിഞ്ഞാണ്‍ പിടിച്ചല്ലൊ നടന്നീനാട്ടില്‍നീളെ
യടിമത്വത്തിന്‍പുതുയുഗസൃഷ്ടിക്കായെന്നോ?
കാളിമ,രക്തത്തിന്റെശോണിമ,സാമ്രാജ്യത്വ-
മുള്‍ച്ചെടിവളര്‍ത്തുവാന്‍,നിന്റെ തേരടിപ്പാടില്‍
പുതഞ്ഞുചരഞ്ഞുള്ള മര്‍ത്ത്യമാംസത്തിന്‍ രൂക്ഷ-
ഗന്ധമേറ്റിറ്റും കാളരാത്രിതന്‍ തിലകമായ്.
ദില്ലിയില്‍,മലയാളമാന്ധ്രതൊട്ടുള്ളനാട്ടി-
ലാസേതുഹിമാലയപ്രാന്തങ്ങള്‍തോറും,കൂര്‍ത്ത-
നഖവും,ചുണ്ടും,കൊടുങ്കാറ്റുയര്‍ത്തീടും പത്ര-
മുയര്‍ത്തും കരിനിയമങ്ങളാല്‍ വിറപ്പിച്ചും
താണ്ടവമാടീടവേ തകര്‍ന്നൂസഹജര്‍തന്‍‍
ജീവിതം,മനുജന്റെ മോഹനപ്രതീക്ഷകള്‍.
സതിതന്‍പതിത്വമായ്,അച്ഛന്റെ കണ്ണീരായി
അമ്മതന്‍ ഭ്രാന്തായ്,മക്കള്‍തന്നുടെ വിലാപമായ്,
വയറിന്‍വിശപ്പായി,ത്തലചായിക്കാനിടം-
തേടിടും തെരുവിന്റെ മക്കള്‍തന്‍ രക്തത്തിന്റെ-
നിറകൂട്ടുകളേകും സൌന്ദര്യമായീനിന്റെ
രാജധാനിയെമോടികൂട്ടിയോരിന്നലേകള്‍
ജന്മംനല്കിയ പ്രതികാരത്തിന്‍വന്ഹി,മര്‍ത്ത്യ-
മാനസമുയര്‍ത്തിടും ബഡവഗ്നിയില്‍നിന്നെ-
യെരിച്ചാ,ച്ചാരംചേര്‍ത്തുവിതക്കാന്‍,വിളയിക്കാന്‍,
വിശ്വസാഹോദര്യത്തിന്‍ വിളകൊയ്യുവാനിതാ-
പുത്തനാം പ്രതീക്ഷയും,പൊന്നരിവാളുംതീര്‍ത്തു-
കുതികൊണ്ടിടും ജനസഞ്ചയം,തടുക്കാന്‍ നിന്‍
പിന്‍തുടര്‍ച്ചക്കാരുണ്ടോ,യെങ്കിലീത്രസിക്കുന്ന-
കയ്യിലെത്തരിപ്പവര്‍തീര്‍ത്തിടും,ജ്വലിച്ചിടും
this was written in the emergency period in India during the 70's

3 comments:

പരമാര്‍ഥങ്ങള്‍ said...

republished

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice poem...

ജന്മസുകൃതം said...

ippozhaanu ee blogiluude kadannu pokaan kazhinjath.
alpam thaamasichallo enna nashta bodham und.
kollaam nalla kavitha.