Thursday, November 29, 2007

കാലവും മോഹവും

ഉഴലുന്നൂഞാനു,മുറങ്ങുവാന്‍ വയ്യാ-
തലയുകയാണീമരുപ്പറമ്പിലായ്.
തുടരുന്നൂ വ്യഥ നിറഞ്ഞ ജീവിതം
തുടലെനിക്കിന്നീ മനുഷ്യബന്ധങ്ങള്‍.
മരുത്തിന്‍ സ്പര്‍ശനസുഖം ലഭിച്ചെങ്കില്‍,
കൊടിയതാപത്തിന്നറുതി കണ്ടെങ്കില്‍!
ഒരുതുള്ളി ജലം ലഭിച്ചിരുന്നെങ്കില്‍,
വളരും ദാഹത്താല്‍ മരിക്കയാണുഞാന്‍.
കഠിനതപൂണ്ട വഴികളെന്നിലായ്
ക്കരിപുരട്ടിയും പഴി ചുമത്തിയും
മദീയചാരുതയപഹരിച്ചിന്നു
മരിച്ചുപോയിതേ മനസ്സിന്‍ യൌവനം!
വെറുപ്പുമൂര്‍ത്തത വരിക്കുന്നെന്നിലായ്
വിരൂപമാകുന്നോ മനം,തനുവൊപ്പം?
തരിക കാലമേ കുറഞ്ഞ നാളുകള്‍
തരികശക്തിയുമനുഭവിക്കുവാന്‍.
കൊതി പെരുകുന്നൂ,മനമുഴറുന്നൂ
അതുല്യഭോഗങ്ങളറിഞ്ഞുപോകുവാന്‍.
അതുവരേയ്ക്കു നീ ചലനമറ്റെന്റെ-
യകത്തളങ്ങളില്‍ വെളിച്ചമാകുക.
അതുവരേയ്ക്കുനീ മരണമേയെന്റെ
യരുമയായേറേയടുത്തുനില്ക്കുക .

3 comments:

കണ്ണൂരാന്‍ - KANNURAN said...

“അതുവരേയ്ക്കു നീ ചലനമറ്റെന്റെ-
യകത്തളങ്ങളില്‍ വെളിച്ചമാകുക.
അതുവരേയ്ക്കുനീ മരണമേയെന്റെ
യരുമയായേറേയടുത്തുനില്ക്കുക“

അര്‍ത്ഥവത്തായ വരികള്‍..

Murali K Menon said...

“തരിക കാലമേ കുറഞ്ഞ നാളുകള്‍“
എന്ന് വിലപിക്കുന്ന കവി അതോടൊപ്പം തന്നെ
ജീവിതത്തിലെ സുഖഭോഗങ്ങള്‍ക്കായ് മനസ്സിന്റെ വെമ്പലും കാണിക്കുന്നു.
“കൊതി പെരുകുന്നൂ,മനമുഴറുന്നൂ
അതുല്യഭോഗങ്ങളറിഞ്ഞുപോകുവാന്‍“

എല്ലാം അറിഞ്ഞുകഴിഞ്ഞാല്‍ പോകാന്‍ കൊതിക്കുമോ? ഇല്ല വീണ്ടും സുഖഭോഗങ്ങളുടെ പട്ടിക നീളും... അപ്പോള്‍ മരണത്തോട് അരുമയായ് അടുത്ത് നില്‍ക്കാനല്ല, ഒട്ടകന്ന് നില്‍ക്കാനാവും പറയുക... അതാണ് മനസ്സിന്റെ ഒരു പ്രത്യേകത.

നന്നായിട്ടുണ്ട്.

ക്കരിപുരട്ടിയും? എന്തിനാണിരട്ടിപ്പ് തുടക്കത്തില്‍ തന്നെ. അതിന് മുന്‍പുള്ള വാക്യം ഇതിന്റെ ഇരട്ടിപ്പ് അനിവാര്യമാക്കുന്നുമില്ല.

മന്‍സുര്‍ said...

പരമാര്‍ഥങ്ങള്‍

ഇഷ്ടായി....തുടരുക..

അതുവരേയ്ക്കു നീ ചലനമറ്റെന്റെ-
യകത്തളങ്ങളില്‍ വെളിച്ചമാകുക.
അതുവരേയ്ക്കുനീ മരണമേയെന്റെ
യരുമയായേറേയടുത്തുനില്ക്കുക .
...
ഈ വരികള്‍ മികച്ചു നില്‍ക്കുന്നു

നന്‍മകള്‍ നേരുന്നു