Friday, November 16, 2007

വിരഹദുഃഖം

പാഴ്മരുഭൂവില്‍ ദാഹനീരിനായ് യാചിക്കയോ

വറ്റിയോരുരവകളോര്‍ത്തുകേണീടുന്നതോ,

നിശ്ചയമില്ല,യെന്റെ മാനസം കവിതേ നിന്‍

‍വേര്‍പാടിലുരുകുന്നതൊന്നുഞാനറിയുന്നൂ.

നീയെന്റെ സര്‍വസ്വവുമായിരുന്നനാള്‍ ജീവത്-

ഗന്ധമായുയര്‍ന്നെന്നെയുയയര്‍ത്തീ,നാകത്തോളം!

നിന്നിലായലിഞ്ഞെത്ര രാവുക ള്‍,പകലുകള്‍

വേര്‍തിരിച്ചറിയാതെ കടന്നുപോയീമുന്നം!

അരുവിക്കരയിലെ ശീതളഛയപേറി

നര്‍മ്മസല്ലാപംപൂണ്ട നാള്‍കളു,മൌന്നത്യത്തിന്‍-

ഹിമബിന്ദുക്കള്‍ചൂടി,തീക്ഷ്ണതയറിയാതെ-

യിരുന്നോരാത് മഹത്യാമുനമ്പും,പാറക്കെട്ടും.

കോടമഞ്ഞുറയവേ,യകലാതിരിക്കുവാ-

നാശ്ലേഷബദ്ധമായ ഗിരിപാര്‍ശ്വവും,കാടും,

നീമറന്നെന്നോ,യെന്നെമറക്കാന്‍വേണ്ടി നിന്റെ

വാസഗേഹങ്ങളെല്ലാം വെടിഞ്ഞേയകന്നോ നീ?

നീയില്ലാമനസ്സിന്റെ യൂഷരത്വവുംപേറി-

യെങ്ങിനെകഴിയുവാന്‍?നീ പൊറുക്കില്ലയെന്നോ?

തമ്മിലേറ്റിരുന്നനാളോതിയതെല്ലം വ്യര്‍ഥ-

മെന്നതോ സത്യം,പാടേയകന്നേ കഴിഞ്ഞെന്നോ?

നോവുകളെകീയെന്നല്‍ സ്നേഹത്തിന്നുദാത്തത,

നീയെന്നെമറന്നതും,തുല്യതപേറീടുമ്പോള്‍

നിന്‍പ്രസാദത്തിന്നായി കുമ്പിളുംനീട്ടിയിന്നീ-

കമിതാവിരിക്കുന്നൂ,നീ കനിയില്ലേ വീണ്ടും?

ഇല്ലെങ്കിലീയത്നത്തിലവശേഷിക്കുംപ്രാണന്‍

‍പോയിടുംവരേതപംതുടരും,അന്ത്യത്തില്‍നിന്‍

ദര്‍ശനംലഭിക്കുവാന്‍ഭാഗ്യമുണ്ടായീയെങ്കില്‍

ധന്യനായീടും,മതി,മറ്റെന്തുകൊതിക്കുവാന്‍?.

5 comments:

മന്‍സുര്‍ said...

പരമാര്‍ഥങ്ങള്‍...

മനോഹരമായിരിക്കുന്നു.....കവിത
ഈ വരികള്‍ മനോഹരം...

നിശ്ചയമില്ല,യെന്റെ മാനസം കവിതേ നിന്‍

‍വേര്‍പാടിലുരുകുന്നതൊന്നുഞാനറിയുന്നൂ.

നീയെന്റെ സര്‍വസ്വവുമായിരുന്നനാള്‍ ജീവത്-

ഗന്ധമായുയര്‍ന്നെന്നെയുയയര്‍ത്തീ,നാകത്തോളം!

നിന്നിലായലിഞ്ഞെത്ര രാവുക ള്‍,പകലുകള്‍

വേര്‍തിരിച്ചറിയാതെ കടന്നുപോയീമുന്നം!


നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിന്‍പ്രസാദത്തിന്നായി കുമ്പിളുംനീട്ടിയിന്നീ-

കമിതാവിരിക്കുന്നൂ,നീ കനിയില്ലേ വീണ്ടും?

മനോഹരമായിരിക്കുന്നു

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കവിത.

എഴുത്തഛന്‍ said...
This comment has been removed by a blog administrator.
എഴുത്തഛന്‍ said...

നിന്നെഞാനൊരുനാളുംവെടിഞ്ഞില്ലല്ലൊസഖേ,
എന്നെനീമറന്നതാണെങ്കിലും,ക്ഷമിപ്പൂഞാന്‍.
ശീതളഛായാതലതല്പവും,നികുഞ്ജവും
നീതന്നെയുപേക്ഷിച്ചുപോയതല്ലയോദൂരേ.
പാഴ് മരുഭൂവില്‍മരുപ്പച്ചകാണുമെന്നോര്‍ത്തു
പാറിനീയകന്നകന്നകലേപ്പോയെന്നാലും
വരളുംചുണ്ടും കരള്‍ത്തടവും തപിക്കുമ്പോള്‍
വരുമിങ്ങൊരുനാളിലെന്നുഞാന്‍ വിചാരിച്ചൂ.
ഇനിയെങ്കിലുംപാതവക്കിലേപ്പാഴ് ക്കുണ്ടിലെ
കിനിയുംചളിവെള്ളമാഗ്രഹിച്ചീടായ്കനീ.
നാമൊന്നായലിയുമ്പോല്‍ ക്ഷുത് പിപാസയില്ലല്ലോ
പ്രേമത്തിന്‍ലഹരിയില്‍ മറ്റെന്തുവേണം വേറേ?
(എം.എസ്.നായര്‍,ചാമ്പാട്)