Sunday, November 25, 2007

കാളിമ

ഉള്‍ത്താപമൂറ്റിനീ കണ്ണുനീര്‍ത്തുള്ളിയായ്
കാഴ്ചവെച്ചെങ്കിലും ഞാന്‍ മറന്നേന്‍,
ഉള്‍ത്താരിലോമനസൂനംവിരിയിക്കു-
മോമല്‍സ്മിതത്തെയും ഞാന്‍ മരന്നേന്‍
അന്നെന്റെ മോഹങ്ങള്‍ കോര്‍ത്ത ദിനങ്ങളില്‍
എന്‍ശക്തിയെന്തിനുംപോന്നനാളില്‍
ഉമ്മറക്കോടിയിലെന്നെപ്രതീക്ഷിക്കു-
മമ്മയെപ്പോലും മറന്നവന്‍ ഞാന്‍।
നാളുകള്‍നീളവേ,മോഹങ്ങള്‍മങ്ങവേ
ദുഃഖം വിശപ്പെന്നറിഞ്ഞനാളില്‍
സ്നേഹബന്ധങ്ങളേ നാണയമാക്കുവാന്‍
കണ്ണീരൊഴുക്കാന്‍ പഠിച്ചവന്‍ ഞാന്‍।
പോയവസന്തങ്ങള്‍ പട്ടിലൊളിപ്പിച്ച
കത്തിയും ചുണ്ടില്‍ ചിരിയുമായി
മാടപ്പിറാക്കള്‍തന്‍ചോരയൂറ്റുമ്പൊഴും
കണ്ണുനീരുപ്പായൊഴിച്ചവന്‍ഞാന്‍।
പോയശിശിരത്തില്‍ വണ്ടിതെളിക്കുവാന്‍
കൈയ്യില്‍ കടിഞ്ഞാണെടുത്തതൊട്ടെ,
ഭാരംവലിച്ചുതളര്‍ന്നിടുംകാളയേ
ചമ്മട്ടിയോങ്ങിയടിച്ചവന്‍ ഞാന്‍।
മേലെയും കീഴെയും ചോരപൊടിയവേ
പാദമിടറിപ്പിടഞ്ഞിടുമ്പോള്‍
വേദനമൂര്‍ത്തമായ് കാണുന്നമാത്രയില്‍
പൊട്ടിച്ചിരിക്കാന്‍പഠിച്ചവന്‍ഞാന്‍!
ഉള്‍ത്താപമൂറ്റിയിന്നുജ്ജ്വലജ്ജ്വാലയായ്
മാറ്റിയെന്‍നേരെയടുത്തിടുമ്പോള്‍
ഉള്‍വലിഞ്ഞോരുനിന്‍ ശബ്ദമെന്‍ വിശ്രമ-
സങ്കേതം തേടിയണഞ്ഞിടുമ്പോള്‍
നിന്നിലെ സ്നേഹാംശമേറ്റിടുംജ്വാലകള്‍
എന്‍സൌധമാകെച്ചുഴന്നിടുമ്പൊള്‍

ഓര്‍ക്കാന്‍പഠിക്കട്ടെ നിന്നെ,നിന്നുല്‍ക്കട-
സ്വാതന്ത്ര്യതൃഷ്ണയേ,ഞാന്‍ കവിതേ!

4 comments:

പരമാര്‍ഥങ്ങള്‍ said...

republished

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

ഏ.ആര്‍. നജീം said...

ഓര്‍ക്കാന്‍പഠിക്കട്ടെ നിന്നെ,നിന്നുല്‍ക്കട-
സ്വാതന്ത്ര്യതൃഷ്ണയേ,ഞാന്‍ കവിതേ!



നല്ല വരികള്‍, ആദ്യം ഇത് കണ്ടിട്ടില്ലായിരുന്നു

Murali K Menon said...

നന്നായിട്ടുണ്ട് കവിത.
നമ്മള്‍ മംഗ്ലീഷില്‍ ടൈപ് ചെയ്യുന്നതിനാല്‍ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് ഒന്നുകൂടി വായിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്. അതുപോലെ വാക്കുകള്‍ വേര്‍തിരിച്ചെഴുതേണ്ടത് അങ്ങനെ എഴുതണം. ഇതൊക്കെ കവിതയല്ലെങ്കിലും വേണ്ടതാണെന്ന് നമുക്കറിയാമല്ലോ. ഒറ്റ വായനയില്‍ മനസ്സിലേക്ക് വന്നവ താഴെ സൂചിപ്പിക്കുന്നു. (ഇതൊന്നും കവിതയിലെ കാര്യമല്ല, മറിച്ച് മംഗ്ലീഷ് ഉപയോഗിക്കുന്നതിന്റെ ചില ശ്രദ്ധക്കുറവ്)

ഞാന്‍ മരന്നേന്‍ - ഞാന്‍ മറന്നേന്‍

ന്നുജ്ജ്വലജ്ജ്വാലയായ് - രണ്ടാമത് ഇരട്ടിപ്പ് വേണോ - ന്നുജ്ജ്വല ജ്വാലയായ് എന്ന് പോരേ...(സംശയം)
കാളയേ - കാളയെ
എന്‍സൌധമാകെച്ചുഴന്നിടുമ്പൊള്‍ - ച്ചുഴന്നിടുമ്പോള്‍