Wednesday, November 21, 2007

സ്മൃതിപുളകങ്ങള്‍‌

താളുകള്‍‌ പിറകോട്ടുമറിച്ചൂ സ്മൃതി,മോഹം-
പൂതിരികത്തിച്ചൊരാ സ്നേഹഗീതികള്‍‌ പാടാന്‍‌.
വിസ്മൃതി ദൗര്‍ഭാഗ്യമായ് ഗണിക്കാന്‍‌ മാത്രം ദിവ്യ-
സൗരഭം വിരിയിച്ച നിമിഷം പുണരുവാന്‍.
പുഞ്ചിരിയുതിര്‍ത്തിടും തൂമിഴിയിണകളാല്‍‌‌
ഇന്നിനേപ്പിറകോട്ടു നയിച്ച സൗന്ദര്യമേ,
കാല്യകാലത്തിന്‍‌ പ്രഭാപൂരത്തില്‍‌കുളിച്ചീറന്‍-
പകരാന്‍‌മടിച്ചിടും മായികവിഭ്രാന്തിയില്‍‌
ഞാന്‍‌കിടന്നുഴലവേ,നിര്‍മ്മലഗാനം പാടും
നിര്‍ഝരി പതതുള്ളി മുന്നിലൂടൊഴുകുന്നൂ.
കാവ്യസൗന്ദര്യം, പതച്ചാറിലായ് തെളിയുന്ന-
മുഖപങ്കജം,കണ്ടു പകച്ച മുഹൂര്‍‌ത്തത്തില്‍‌,
ഉടയാത്തുടല്‍‌ ക്ണ്ടു മോഹിച്ചകാട്ടാറുള്ളി-
ലുയരും അസൂയതന്നൊഴുക്കാല്‍‌ വലയിക്കേ
വിലപിച്ചീടാന്‍‌പോലും മറന്നു ഭീയാല്‍‌ ചുറ്റും-
പകച്ചുനോക്കും കൊച്ചു കണ്‍‌കള്‍‌തന്‍‌ നനവിനേ,
ഇന്നിലേയ്ക്കാവാഹിച്ചായോര്‍മ്മതന്‍‌ പുളകങ്ങള്‍‌
പുണരാന്‍‌ ഭാഗ്യംതന്ന രാഗമേ നമോവാകം.
പ്രാണരക്ഷണം മാത്രമെന്നുള്ളില്‍‌വിളങ്ങിയോ,
പ്രാകൃതവികാരങ്ങള്‍‌ കെട്ടഴിഞ്ഞുവോ,യെന്തോ?
കരയില്‍‌നയിച്ചോരാരൂപമെന്മുന്നില്‍‌ വ്രീളാ-
വശയായ് ചുരുങ്ങവേ-വേര്‍പിരിയവേ,തമ്മില്‍‌-
പകര്‍ന്ന കടാക്ഷത്തില്‍‌ ലോകമൊക്കെയും ബിന്ദു-
സദൃശം ചുരുങ്ങിയെന്നറിയുന്നീപ്പോഴല്ലോ.
പുഞ്ചിരിയുതിര്‍ത്തിടും തൂമിഴിയിണകളാ-
ലിന്നിനേപ്പിറകോട്ടുനയിച്ച സൗന്ദര്യമേ
വിശ്വമൊക്കെയും ചെപ്പിലായൊതുക്കീടാന്‍‌പോരും
വിമലപ്രേമത്തിന്റെ കോവിലിലല്ലോ നീയും!
നിന്നുടെ സ്മൃതികളില്‍‌ നാകവും വെല്ലുംസ്നേഹ-
നിര്‍ഝരി പതഞ്ഞയര്‍ന്നീടുന്നെന്‍‌ ഹൃദന്തത്തില്‍‌.
മന്നിനെ വിണ്ണാക്കുമീ മാസ്മരനിമേഷങ്ങള്‍‌
കോര്‍ത്തതാം ദിനങ്ങളെന്‍‌ ജീവിതം നിറച്ചെങ്കില്‍‌!

2 comments:

പരമാര്‍ഥങ്ങള്‍ said...

ഒരു കവിത-ാഭിപ്രായങ്ങള്‍‌ക്കായി

Murali K Menon said...

നന്നായിട്ടുണ്ട്. ഒറ്റവായനയില്‍ ഒന്നുരണ്ട് അക്ഷരത്തെറ്റുകള്‍ തോന്നിയത്,
പൂതിരികത്തിച്ചൊരാ - പൂത്തിരി
വ്രീളാവശയായ് - വ്രീളാവിവശയായ്
മാസ്മരനിമേഷങ്ങള്‍‌ - നിമിഷങ്ങള്‍

(വൃത്തമൊപ്പിക്കാന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഈയുള്ളവന്‍ അജ്ഞനാണ്. മലയാളത്തിലെ സാമാന്യ പരിജ്ഞാനം വെച്ചുള്ള കീച്ചാണ് മുകളില്‍ പറഞ്ഞത്, ശരിയല്ലെങ്കില്‍ മാഷ് അടിക്കരുത് ട്ടാ)